About Kadamakudy

എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ ഇടപ്പള്ളി ബ്ളോക്കിലാണ് കടമക്കൂടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടമക്കുടി വില്ലേജില്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന് 12.92 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്-ഏഴിക്കര, വരാപ്പുഴ പഞ്ചായത്തുകള്‍, കിഴക്ക്-ചേരാനല്ലൂര്‍ പഞ്ചായത്ത്, തെക്ക്-മുളവുകാട്പഞ്ചായത്ത്, കൊച്ചി കോര്‍പ്പറേഷന്‍, പടിഞ്ഞാറ്-ഞാറയ്ക്കല്‍, നായരമ്പലം പഞ്ചായത്തുകള്‍ എന്നിവയാണ്.പെരിയാറിന്റെ വരദാനമാണ് കടമക്കുടി. 1341 ല്‍ ഉണ്ടായ വലിയൊരു വെള്ളപ്പൊക്കത്തോടെയാണ് കടമക്കുടിയുടെ ചരിത്രം ആരംഭിക്കുന്നത്. അതുവരെ പെരിയാര്‍ നദി കടലില്‍ പതിച്ചിരുന്നത് കൊടുങ്ങല്ലൂര്‍ അഴിയിലൂടെയായിരുന്നു. വെള്ളപ്പൊക്കത്തിന്റെ ഫലമായി  മണ്ണടിഞ്ഞുകൂടി കൊടുങ്ങല്ലൂര്‍ അഴിയിലൂടെ വെള്ളം കടലിലേക്ക് ഒഴുകുന്നതിന് തടസ്സം നേരിട്ടു. ഇതേത്തുടര്‍ന്ന്  മലയില്‍നിന്നും കുത്തിയൊലിച്ചു വന്നുകൊണ്ടിരുന്ന വെള്ളം വൈപ്പിന്‍കരയുടെ തെക്കുഭാഗത്തുണ്ടായിരുന്ന ‘കൊച്ചഴി’ വഴി കടലിലേക്ക് ഒഴുകുകയും പ്രസ്തുത അഴി വലുതായി പിന്നീട് കൊച്ചി അഴിമുഖം രൂപപ്പെടുകയും ചെയ്തു.പെരിയാറിന്റെ കൈവഴികളില്‍ പരസ്പര ബന്ധമില്ലാതെ കിടക്കുന്ന വലിയ കടമക്കുടി, മുറിക്കല്‍, പാല്യംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയംതുരുത്ത്, ചേന്നൂര്‍, കോതാട്, കോരാമ്പാടം, കണ്ടനാട്, കാരിക്കാട് തുരുത്ത് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് കടമക്കുടി പഞ്ചായത്ത്.കൃഷിയും  മത്സ്യബന്ധനവുമാണ് ജനങ്ങളുടെ മുഖ്യതൊഴില്‍. നെല്ല്, നാളികേരം എന്നിവയാണ് പ്രധാന വിളകള്‍. പഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 15.84 % മാത്രമെ കരഭാഗമുള്ളൂ. ബാക്കി സ്ഥലം പൊക്കാളിപ്പാടങ്ങളും പുറംപോക്ക് പുഴകളും ജലാശയങ്ങളുമാണ്. പൊക്കാളി സമ്പ്രദായത്തിലുള്ള നെല്‍കൃഷിയാണ് ഈ പഞ്ചായത്തിലുള്ളത്. വര്‍ഷകാലത്ത് നെല്‍കൃഷിക്കും വിളവെടുപ്പു കഴിഞ്ഞ് വേനല്‍ക്കാലത്ത് കടലില്‍ നിന്നും ഓരുജലം കയറുമ്പോള്‍ പരമ്പരാഗത രീതിയിലുള്ള ചെമ്മീന്‍ കൃഷിയും ഇവിടെ നടത്തുന്നു.തൊഴിലെടുക്കുന്നവരുടെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം കര്‍ഷകരും, കര്‍ഷകത്തൊഴിലാളികളുമാണ്. മത്സ്യത്തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, മറ്റു പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഇവിടെ ധാരാളമായുണ്ട്. ജനസംഖ്യയുടെ ഭൂരിഭാഗവും ലത്തീന്‍ കത്തോലിക്കരാണ്. പട്ടികജാതിക്കാരായ കര്‍ഷകത്തൊഴിലാളികള്‍ ഈ പ്രദേശത്ത് ധാരാളമായി അധിവസിക്കുന്നു.